Wednesday, February 9, 2011

മൂടല്‍മഞ്ഞു മായുമ്പോള്‍


അങ്ങനെ ഒരു മഞ്ഞുകാലം കൂടി കടന്നുപോകുന്നു.പോകാന്‍ സമയമായിട്ടും മടിച്ചുനില്‍ക്കുന്ന ഒരു സ്കൂള്‍കുട്ടിയെപ്പോലെ ഇടയ്ക്കിടെ പിന്തിരിഞ്ഞു നില്‍ക്കുന്നു...സങ്കടപ്പെട്ടു വീണ്ടും തിരിഞ്ഞു നടക്കുന്നു.ഇടയിലെവിടെയോ ആശ്വാസവാക്കുകളുമായി ഒരു കാമുകനെപ്പോലെ വന്നെത്തിയ മഴ ഈ മഞ്ഞുതുള്ളികളുടെ തണുപ്പ് കൂട്ടിയിട്ടില്ലേ?ഇവിടെയീ ഈന്തപ്പനകളുടെ നാട്ടില്‍ തണുത്തു വിറങ്ങലിച്ച ഒരു പ്രഭാതത്തില്‍ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കി ഒരു ചൂട് ചായ കുടിക്കുമ്പോള്‍ സിരകളിലേക്ക് തണുപ്പ് അരിച്ചിരങ്ങുന്നുണ്ടായിരുന്നു.കണ്ണുകള്‍ റോഡിലൂടെ കടന്നുപോകുന്ന വണ്ടികളിലായിരുന്നെങ്കിലും മനസ്സ് നൂല് പൊട്ടിയ ബലൂണ്‍ പോലെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു ഒടുവില്‍ കുട്ടിക്കാലത്തെ തണുപ്പുള്ള ഓര്‍മകളില്‍ എത്തിനിന്നു.ഇടയ്ക്കു പനിപിടിച്ചു കിടക്കാരുന്ടെങ്കിലും മഞ്ഞുകാലം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു.അമ്മയുടെ സ്നേഹംനിറഞ്ഞ ശകാരം കേട്ടുണരുന്ന പ്രഭാതങ്ങലായിരുന്നു അതൊക്കെ.എങ്കിലും വീണ്ടും പുതപ്പിനടിയിലേക്കു ചുരുണ്ടുകൂടും.അങ്ങനെ മടിപിടിച്ചു കിടക്കുമ്പോള്‍ പുതപ്പു വലിച്ചുനീക്കി അമ്മ വച്ച് നീട്ടുന്ന ആ ചൂട് ചായ.........ചൂട് വെള്ളത്തിലാനെങ്കിലും കുളിക്കുമ്പോള്‍ തണുത്തിട്ട് പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടാവും.അങ്ങനെ രാവിലെയുള്ള ട്യുഷന്‍ക്ലാസ്സിനെ ശപിച്ചുകൊണ്ട് മൂടല്‍മഞ്ഞിനിടയിലൂടെ അങ്ങനെ.....മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങളും,പുല്‍ക്കൊടികളും,പൂക്കളുമൊക്കെ കാണാന്‍ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.വഴിയരികിലുള്ള വയലുകളില്‍ താമരപ്പൂക്കള്‍ നിറഞ്ഞുനിന്നിരുന്നു.അമ്പലത്തിലെ മാലകെട്ടുകാരനായ നാരായണന്‍മാമന്‍ അവിടെനിന്നും പൂക്കള്‍ പറിക്കുന്നത്‌ കാണാമായിരുന്നു.അങ്ങനെ ഓടിപ്പിടിച്ച് ക്ലാസ്സിലെത്തുമ്പോള്‍ അവിടെയെല്ലാവരും തണുപ്പത്ത് കൂനിക്കൂടി ഇരിക്കുന്നുണ്ടാവും.തങ്ങളുടെ തണുത്ത കൈകള്‍ നീട്ടി എന്‍റെ കവിളുകളില്‍ വയ്ക്കുന്ന കുസൃതിക്കാരായ കൂട്ടുകാരോട് അപ്പോള്‍ ദേഷ്യം തോന്നിയിരുന്നെങ്കിലും അവരുടെ കൈകള്‍ക്ക് സൌഹൃദത്തിന്റെ തണുപ്പുണ്ടായിരുന്നു.ക്രിസ്മസ് പരീക്ഷാചൂടിനിടയില്‍ പോലും ഈ തണുപ്പ് മനസ്സിന് കുളിര്‍മ പകര്‍ന്നുനല്‍കിയിരുന്നു.പിന്നീട് വന്നെത്തുന്ന ക്രിസ്മസും പുതുവത്സരദിനവും.....ആ ഓര്‍മകള്‍ക്ക് ഇപ്പോഴും ക്രിസ്മസ്കേക്കിന്റെ മധുരമാണ്.വീടിനടുത്തുള്ള ചില അമ്പലങ്ങളില്‍ ഉത്സവം തുടങ്ങുന്നതും ആ സമയത്തായിരുന്നു.തണുപ്പത്ത് ഉത്സവം കാണാന്‍പോകാന്‍ വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു.രാത്രി വൈകിയും മുഴങ്ങിക്കേട്ടിരുന്ന വെടിയൊച്ച.....മണ്ഡലകാലം കൂടിയായതിനാല്‍ അവിടവിടെ ശാസ്താംപാട്ടുകളും കേള്‍ക്കാമായിരുന്നു.അക്കാലത്ത് വീട്ടിലെ റോസാചെടികള്‍ നിറയെ പൂക്കള്‍ ഉണ്ടായിരിക്കും.രാവിലെ എണീറ്റ്‌ അതായിരിക്കും കണികാണുന്നത്.ഒരു മഞ്ഞുകാലത്ത് ജനിച്ചത്‌ കൊണ്ടാവാം ഞാനിതൊക്കെ ഇത്രയേറെ ഇഷ്ടപ്പെടുന്നത്.ഈ ഓര്‍മ്മകള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച് ജീവിക്കുന്നത് കൊണ്ടാവാം ഇവിടെയായിട്ടും മഞ്ഞുകാലം കടന്നുപോകുമ്പോള്‍ ഇത്രയും വിഷമം തോന്നുന്നത്.....